An article written by Labour Minister of Kerala Mr.Shibu Baby John about Tiffany Brar


ടിഫിനി നല്‍കുന്ന പാഠവും അറിവും

ടിഫിനി മറിയ ബ്രാര്‍ ഒരു പേരിനുമപ്പുറം എന്നെ പ്രചോദിപ്പിക്കുന്ന എന്ത് ഘടകമാണ് ഈ വ്യക്തിത്വത്തിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ ആലോചിക്കുകയാണ്. ഒരു മകളെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന ടിഫിനിയുടെ മനോധൈര്യവും ആത്മവിശ്വാസവും പുതു തലമുറയിലെ കുട്ടികള്‍ക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ചിന്തിച്ച ദിനങ്ങളാണ് കടന്നു പോകുന്നത്. ടിഫിനി അത്രയേറെ സ്വാധീനമാണ് എന്റെ ചിന്തകളില്‍ ചെലുത്തിയത്.

ടിഫിനി മറിയ ബ്രാര്‍

രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പ് സായാഹ്ന വേളയിലാണ് ഞാന്‍ ജനറല്‍ ടിപിഎസ് ബ്രാറിനെ ആദ്യമായി കാണുന്നത്. മുന്‍ കേരള ചീഫ് സെക്രട്ടറി പത്മകുമാര്‍ അങ്കിളിന്റെ വസതിയില്‍ സമ്മേളിക്കപ്പെട്ട ഒരു സഭയില്‍ മുഖ്യ അതിഥിയായിരുന്നു അദ്ദേഹവും ഭാര്യയും. പപ്പാച്ചനടക്കം കുടുംബ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത ഒരു അതിഥി സല്‍ക്കാര വേദിയായിരുന്നു അത്. അന്ന് ടിഫിനിയെ കണ്ടതായി എനിക്കോര്‍മ്മയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രാര്‍ വീണ്ടും കേരളത്തിലെത്തി. മകള്‍ ടിഫിനിയുമായി. സൗദൃദസദസ്സുകളുടെ കൂടിച്ചേരലുകള്‍ക്കൊടുവില്‍ ഒരു ദിനം ഞാന്‍ ടിഫിനിയെന്ന ആ കൊച്ചു ബാലികയെ പരിചയപ്പെട്ടു. ബ്രാര്‍ ഭാര്യ മരണപ്പെട്ട് അന്ധയായ തന്റെ മകളുമായി ഒരു സൗഹൃദ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന നാളുകളിലൊന്നായിരുന്നു അത്.

ഇന്ത്യന്‍ കരസേനയ്ക്ക് നിരവധി പടനായകരെ സംഭാവന ചെയ്ത ഒരു കുടുംബമാണ് ടിപിഎസ് ബ്രാറിന്റേത്. ബ്രാറിന്റെ അഞ്ച് തലമുറയിലെ കുടുംബാംഗങ്ങള്‍ കരസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരസേനയിലെ ഒദ്യോഗിക നേതൃത്വം ഏറ്റെടുത്തു കൊണ്ട് ബ്രാര്‍ കേരളത്തിലെത്തി. സ്വന്തം ഭാര്യ മരണപ്പെട്ട നാളുകളായിരുന്നു അത്. അന്ധയായ മകള്‍ ടിഫിനിയുമൊത്ത് ബ്രാര്‍ അന്ന് കേരളത്തിലുണ്ടായിരുന്നത്. ടിഫിനിയെ കരുത്താര്‍ജ്ജിച്ച ഒരു ബാലികയെ മാറ്റിയത് ഈ നാളുകളായിരിക്കണം. ഒരു വരിയോ വാചകമോ മലയാളം പറയാന്‍ കഴിയാത്ത ബ്രാറിന്റെ ഈ പൊന്നുമകള്‍ നന്നായി മലയാളം പറയുകയും എഴുതുകയും ചെയ്യും.

കേരളത്തിനോട് എന്തെന്നില്ലാത്ത ഒരു സ്നേഹം ടിഫിനിക്ക് ഉണ്ടായിരുന്നു.

ഞാന്‍ എംഎല്‍എ ആയിരുന്ന കാലത്ത് ബ്രാര്‍ കാശ്മീരില്‍ കോര്‍ കമാന്ററായിരുന്നു. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഏറിവന്നിരുന്ന നാളുകളായിരുന്നു അത്. ഭീകരരുടെ കടുത്ത അക്രമങ്ങളെ നേരിട്ടു കൊണ്ട് ബ്രാര്‍ ഇന്ത്യന്‍ സൈനിയത്തിന്റെ കരുത്ത് തെളിയിച്ച ദിനങ്ങള്‍. കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ബ്രാര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ആ ക്ഷണം സ്വീകരിച്ച് പോകാന്‍ തയ്യാറായി. എന്നാല്‍ എന്റെ യാത്രാ തീയ്യതികളിലെ ഒരു ദിനമായിരുന്നു കാശ്മീരിലെ പട്ടാള ക്യാമ്പിന് നേരെ ഭീകരരുടെ കടുത്ത അക്രമണം ഉണ്ടായത്. ഈ അക്രമണത്തില്‍ കോര്‍ കമാന്ററായിരുന്ന ബ്രാറിനും പരിക്കേറ്റു.

അങ്ങനെ എന്റെ ആ യാത്ര നടക്കാതെ പോയി.

ഞാന്‍ പറഞ്ഞു വന്നത് ടിഫിനിയെ കുറിച്ചാണ്. പക്ഷേ ഓര്‍മ്മകളിലെവിടെയോ ടിഫിനിയുടെ പിതാവിനെ കുറിച്ചുള്ള ചില വാചകങ്ങള്‍ കടന്നു വന്നു എന്നേയുള്ളൂ. ടിഫിനി ഇന്ന് മുതിര്‍ന്ന കുട്ടിയാണ്. ശക്തമായ ഒരുപാട് നിലപാടുകളുള്ള സമൂഹത്തോട് നിരവധി കാര്യങ്ങള്‍ പറയാനുള്ള ഒരു കുട്ടി. താന്‍ നിലനില്‍ക്കുന്ന സമൂഹത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള പദ്ധതികളുമായി വേഗത്തില്‍ പായുന്ന ടിഫിനിയെ കുറിച്ചാണ് ഇനി എനിക്ക് പറയാനുളളത്.

വൈകല്യങ്ങള്‍ ജീവിതത്തെ തളച്ചിടുകയാണ് പതിവ്. എന്നാല്‍ ടിഫിനി തന്റെ ജീവിതത്തെ മറികടക്കുകയാണ് ഇവിടെ. അന്ധത ജീവിതത്തെ ഒരിക്കലും ബാധിക്കാന്‍ ടിഫിനി അനുവദിച്ചിരുന്നില്ല. തന്റെ സ്‌കൂള്‍ ജീവിതം മുതല്‍ ഇങ്ങോട്ട് ഇതുവരെ തന്നെ നയിച്ചിരിക്കുന്ന ഇരുട്ട്, ഇഛാ ശക്തി കൊണ്ട് മറി കടക്കുന്ന ടിഫിനെിയെയാണ് ഞാന്‍ കണ്ടതും അറിഞ്ഞതും.

കേരളത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന, മലയാളത്തെ ഒരുപാട് അറിഞ്ഞ, നന്നായി പാട്ടുകള്‍ പാടുന്ന ടിഫിനി.

ഒരിക്കലും ആര്‍ക്കും ബാധ്യതയായി മാറാന്‍ ടിഫിനി തയ്യാറല്ലായിരുന്നു. അമ്മയില്ലാത്ത കുട്ടിയായ ടിഫിനിയെ ലോകത്തിന്റെ ഏതറ്റംവരെയും എത്തിക്കാന്‍ ജനറല്‍ ബ്രാര്‍ തയ്യാറായിരുന്നു. എന്നാല്‍ ടിഫിനി തെരഞ്ഞെടുത്തത് കേരളമാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം പഞ്ചാബിലെ കുടുംബ വീട് ഉപേക്ഷിച്ച് ടിഫിനിയും ജനറല്‍ ബ്രാറും തിരുവനന്തപുരത്ത് സ്ഥിര താമസമാക്കി. ജനറല്‍ ബ്രാര്‍ ടിഫിനിക്കായി ഒരു കാറും ഡ്രൈവറും തയ്യാറാക്കി കൊടുത്തു. എന്നാല്‍ അത് ഉപയോഗിക്കാന്‍ ടിഫിനി ഒരുക്കമായിരുന്നില്ല. മറ്റൊരാളിന്റെ സമയക്രമത്തില്‍ തന്റെ പ്രവൃത്തി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് ഇതിലൂടെ ടിഫിനി ഉറപ്പിച്ചു പറയുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ ആയ കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ പഠിച്ച് നിരവധി കൂട്ടുകാരികളുമായി പാറിപറന്ന് കേരളത്തെയം സ്‌നേഹിച്ചു ടിഫിനി മറിയ ബ്രാര്‍. സ്വന്തം നഗരത്തിലൂടെ തന്റെ വാക്കിംഗ് സ്റ്റിക്കുമായി നടന്നു നീങ്ങുന്ന, കെഎസ്ആര്‍ടിസി ബസ്സുകളിലൂടെ സഞ്ചരിച്ച് ദിവസം ഒന്നിലധികം ബസുകളില്‍ കയറി തന്റെ പ്രവൃത്തി സ്ഥലത്ത് എത്തുന്ന ടിഫിനി.

എല്ലാം എനിക്ക് കൗതുകത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.

അന്ധത ഒരു വൈകല്യമാണെന്ന് പറയുന്നവരോട് ടിഫിനി ആവശ്യപ്പെടുന്നത് ഇരുട്ടില്‍ എഴുതുവാനും വായിക്കുവാനുമാണ്. ഞങ്ങള്‍ക്ക് അതിനു കഴിയും നിങ്ങള്‍ക്കോ?..എല്ലാ വൈകല്യങ്ങള്‍ക്കും അപ്പുറമെന്ന് കരുതുന്ന നമുക്ക് ഈ ചോദ്യത്തിന് ഉത്തരമില്ല. ഞാന്‍ ഈ ചെറിയ കാര്യങ്ങള്‍ പറഞ്ഞത് ടിഫിനിയെ നിങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ്. ഇന്ന് ടിഫിനി ഒരു പ്രൊജക്ടിന് പിറകെയാണ്. അന്ധതയെന്ന വൈകല്യം കൊണ്ട് വീടിനുള്ളില്‍ തളയ്ക്കപ്പെട്ടവരെ വിദ്യാഭ്യാസം നല്‍കി, സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ശ്രമകരമായ ജോലി ലളിതമായി ഏറ്റെടുത്തിരിക്കുകയാണ് ടിഫിനി.

ഒരു സഞ്ചരിക്കുന്ന അന്ധ വിദ്യാലയം. എത്ര ഉദാത്തമായ ചിന്തയാണിതെന്ന് നോക്കൂ.

കാഴ്ചയുടെ വെളിച്ചം നഷ്ടപ്പെട്ടവര്‍, സമൂഹത്തിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്ത് നില്‍ക്കാനുളളവരല്ലെന്ന് പറയുന്ന ടിഫിനി അവരെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നവരാണ്. ടിഫിനിയുടെ ഈ ശ്രമങ്ങള്‍ക്ക് നാം പിന്തുണ നല്‍കിയേ മതിയാകൂ.

ടിഫിനി ഇന്നത്തെ പുത്തന്‍ തലമുറയുടെ പ്രതിനിധിയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ബ്രാന്റ് അംബാസഡറായി മാറുകയാണ് ടിഫിനി. ഇഛാശക്തി കൊണ്ട് ലോകം കീഴടക്കുന്ന ഈ കുട്ടി നമ്മുടെ പുത്തന്‍ തലമുറക്ക് നല്‍കുന്ന പാഠം ഇതാണ്. എല്ലാ കഴിവുകളും സ്വാധീനവും ഉണ്ടായിട്ടും ഉദാസീനമായി ദിനങ്ങള്‍ തള്ളി നീക്കുന്ന ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ടിഫിനി ഒരു പാടമാവുകയാണ്. എനിക്ക് ഒരു അറവും.

Comments

Dear Tiffany
You are Inspiring.All the best

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.